Education
തിരുവനന്തപുരം: ഡൽഹി പൊലിസ്, കേന്ദ്ര സായുധ സേന പൊലിസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി സെപ്റ്റംബർ 30 രാത്രി 11. വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.
Education
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 15 വരെ എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ ഓൺലൈൻ മുഖേനയോ, വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്ടോബർ 18ന് മുമ്പ് ചെയ്യണം.
സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസും വിജഞാപനവും എൽബിഎസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിലുണ്ട്.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർസെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർഥികളെ തെരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക്: 0471—2560361, 362, 363, 364.
Education
കൊച്ചി: സര്ക്കാര് സ്ഥാപനമായ കെല്ട്രോണിന്റെ നോളജ് സെന്ററില് സര്ക്കാര് അംഗീകൃതവും നോര്ക്ക അറ്റസ്റ്റേഷനു യോഗ്യവുമായ ഡിപ്ലോമ ഇന് കംപ്യൂട്ടര് ഹാര്ഡ്വേര് ആന്ഡ് നെറ്റ്വര്ക്ക് മെയിന്റനന്സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, പിഎസ്സി നിയമനങ്ങള്ക്ക് യോഗ്യമായ പിജിഡിസിഎ, സിഎ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്ക്ക് ഫോൺ: 04842971400.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സിബിഎസ്ഇ/ ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി-എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒഇസി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിൽ 2026-27 വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കി.
സ്കൂളുകളിൽ നിന്നും www.egrantz.kerala.gov.in പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടികൾ ഒക്ടോബർ 20 നകം പൂർത്തിയാക്കണം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Education
കേരളത്തിലെ സര്ക്കാര് / എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്ഥികള്ക്ക് നാഷണല് മീന്സ്-കം-മെറിറ്റ് സ്കോളര്ഷിപ് (എന്എംഎംഎസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി 30.
സ്വന്തമായോ പ്രിന്സിപ്പല് വഴിയോ അപേക്ഷ സമര്പ്പിക്കണം. ഫീസില്ല. അപേക്ഷ സമര്പ്പിച്ചതിനുശേഷം പ്രിന്റും അനുബന്ധരേഖകളും വെരിഫിക്കേഷനായി പ്രിന്സിപ്പലിനു സമര്പ്പിക്കണം. ഹാര്ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല. കേന്ദ്രീയ, ജവാഹര്, നവോദയ, സിബിഎസ്ഇ, റസിഡന്ഷ്യല്, മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ പരിഗണിക്കില്ല.
കേരളത്തിലെ 3473 കുട്ടികള്ക്ക് ഓരോ വര്ഷവും സ്കോളര്ഷിപ് കിട്ടും. പരീക്ഷയില് അര്ഹത നേടുന്നവര്ക്ക് 9 മുതല് 12 വരെ ക്ലാസുകളില് പഠിക്കുമ്പോള് പ്രതിവര്ഷം 12,000 രൂപ വീതം സ്കോളര്ഷിപ് ലഭിക്കും. പഠനം തുടര്ന്നും സര്ക്കാര് / എയ്ഡഡ് സ്കൂളില്ത്തന്നെയാകണം.
ഒന്പതാം ക്ലാസിലെ വാര്ഷിക പരീക്ഷയില് 55% മാര്ക്ക് നേടിയാലേ പത്തില് സ്കോളര്ഷിപ് തുക ലഭിക്കൂ. ഇതുപോലെ 10ല് 60%, 11ല് 55% എന്ന ക്രമത്തില് മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര്ക്ക് 5% ഇളവുണ്ട്. പരീക്ഷയിലെ ഗ്രേഡുകള് ശതമാനമായി മാറ്റേണ്ട രീതി അറിയിപ്പിലുണ്ട്. 2025-26 അധ്യയനവര്ഷം ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയില് 55% എങ്കിലും മാര്ക്ക് വേണം. പട്ടികവിഭാഗത്തിന് 50% മതി. രക്ഷിതാക്കളുടെ വാര്ഷികവരുമാനം മൂന്നര ലക്ഷം രൂപ കവിയരുത്.
നവംബര് ഏഴിനാണ് സ്കോളര്ഷിപ്പ് പരീക്ഷ. ഒഎംആര് ശൈലിയിലുള്ള പരീക്ഷയ്ക്ക് 90 മിനിറ്റ് വീതമുള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ഓരോന്നിലും 90 മള്ട്ടിപ്പിള് ചോയ്സ് ചോദ്യങ്ങള്. രണ്ടു ഭാഗങ്ങള്ക്കും ചേര്ത്ത് 40% എങ്കിലും മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര് 32%.
National
ന്യൂഡല്ഹി: ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പേപ്പറുകളുടെ യുജിസി നെറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി സ്കോര് കാര്ഡുകള് കാണാനും ഡൗണ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) അറിയിച്ചിട്ടുണ്ട്.
മൂന്ന് വിഷയങ്ങളിലായി ആകെ 1,96,491 ഉദ്യോഗാര്ഥികളാണു പരീക്ഷയ്ക്കു രജിസ്റ്റര് ചെയ്തിരുന്നത്. ഇതില് 1,20,355 പേര് കഴിഞ്ഞ 9, 10 തീയതികളില് 272 നഗരങ്ങളിലായി സജ്ജീകരിച്ച 454 കേന്ദ്രങ്ങളില് നടന്ന പുനഃപരീക്ഷയില് പങ്കെടുത്തു.
പരീക്ഷയെഴുതിയവരില് 824 പേര് ജൂനിയര് റിസര്ച്ച് ഫെലോഷിപ്പിനും (ജെആര്എഫ്), 11,610 പേര് അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും 23,154 പേര് പിഎച്ച്ഡി പ്രവേശനത്തിന് മാത്രമായുള്ള യോഗ്യതയ്ക്കും അര്ഹത നേടി.
ജെആര്എഫ് നല്കുന്നതിനും അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനുമായി 87 വിഷയങ്ങളിലായി യുജിസി നെറ്റ് 2026 ജൂണില് നടത്തിയിരുന്നു. എന്നാല് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലുണ്ടായ പിശകുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയരുകയും പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
Education
കൊച്ചി: കംപ്യൂട്ടർ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമായി ഐഐടി ബോംബെ പുതിയ ഇ-പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ആരംഭിക്കുന്നു.
എഡ്ടെക് പങ്കാളിയായ ഗ്രേറ്റ് ലേണിംഗുമായി ചേർന്നാണു കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓൺലൈൻ പഠനത്തോടൊപ്പം ഐഐടി ബോംബെ കാമ്പസിൽ നേരിട്ടുള്ള സെഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ, അൽഗോരിതങ്ങൾ, ബ്ലോക്ക്ചെയിൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കംപ്യൂട്ടർ സയൻസ്, എഐ ആൻഡ് മെഷീൻ ലേണിംഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ആറ് കോഴ്സുകൾപ്പെട്ട പ്രോഗ്രാം ഒരു വർഷംകൊണ്ടു പൂർത്തിയാക്കാം.
പരമാവധി മൂന്നു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. സോഫ്റ്റ്വേർ ഡെവലപ്പർമാർ, എൻജിനിയർമാർ, ഐടി പ്രഫഷണലുകൾ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് കോഴ്സ് തയാറാക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https:// www.cse.iitb.ac.in/academics/programme/epgd സന്ദർശിക്കുക:
Education
തിരുവനന്തപുരം: നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള കാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് അപേക്ഷിക്കാം.
പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനകം അപേക്ഷ നിശ്ചിത ഫോമിൽ അതത് ജില്ലയിലെ എംസിഎച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.
പ്രഫഷണൽ കോഴ്സുകളിലേക്കു പ്രവേശന പരീക്ഷയിലൂടെ ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അഡ്മിഷൻ ലഭിച്ച് മൂന്ന് മാസത്തിനകമോ നവംബർ 30 ന് അകമോ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം -1. ഫോൺ 0471 2469049.
District News
അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
പരമ്പരാഗത അധ്യാപക സങ്കല്പ്പം മാറി
ഡിജിറ്റല് യുഗത്തില് അധ്യാപകന്റെ പരമ്പരാഗത സ്ഥാനം മാറുകയും വിദ്യാർഥി-അധ്യാപക വൈകാരിക ആത്മബന്ധം കുറയുകയും ചെയ്തു. ശിക്ഷാഭയമില്ലാത്ത പുതിയ കാലത്ത് കുട്ടികളെ തിരുത്താനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. നടപടികള് ഭയന്ന് പല അധ്യാപകരും വിദ്യാര്ഥികളില് നിന്ന് സുരക്ഷിതമായ അകലം പാലിക്കാന് നിര്ബന്ധിതരാകുന്നു. ചെറിയ തിരുത്തലുകളെപ്പോലും ചോദ്യം ചെയ്യുകയും സംശയദൃഷ്ടിയോടെ കാണുകയും ചെയ്യുന്ന രക്ഷാകര്തൃരീതി അധ്യാപകരുടെ ആത്മാര്ഥത കുറച്ചു. സ്നേഹവും കരുതലുമുള്ള പഴയകാല ഗുരുശിഷ്യ ബന്ധത്തിലേക്ക് തിരിച്ചെത്താന് അധ്യാപകര് കുട്ടികള്ക്ക് മുന്നില് കൃത്യമായ മാതൃകകളായി മാറേണ്ടത് അത്യന്താപേക്ഷിതമാണ്.
ഡോ. നോയല് മാത്യൂസ്
സ്റ്റേറ്റ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് ഫ്രണ്ട്
അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുമളി
കുട്ടികൾക്ക് വഴികാട്ടിയാകണം
അധ്യാപകർ കുട്ടികൾക്ക് വഴികാട്ടികളായി മാറണം. സാങ്കേതികവിദ്യ വളർച്ച പ്രാപിച്ച ഇക്കാലത്ത് അറിവ് നേടുവാൻ അനേകം മാർഗങ്ങൾ ഉണ്ടെങ്കിലും ജ്ഞാനവും മൂല്യങ്ങളും പകർന്നു നൽകാൻ അധ്യാപകന് മാത്രമേ സാധിക്കു. അച്ചടക്കവും മൂല്യബോധവും സഹാനുഭൂതിയും വളർത്തുന്നതിന് നല്ല അധ്യാപക-വിദ്യാർഥി ബന്ധം ആവശ്യമാണ്. അതിനാൽ സ്നേഹവും ബഹുമാനവും വിശ്വാസവും നിറഞ്ഞ അധ്യാപക-വിദ്യാർഥി ബന്ധം ശക്തിപ്പെടുത്തണം.
ജയിംസ്കുട്ടി കുര്യൻ, ഹെഡ്മാസ്റ്റർ
സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ
കുട്ടികളുടെ സഹൃത്തായി മാറണം
അറിവ് പകര്ന്ന് നല്കുന്നതിനപ്പുറം കുട്ടികളുടെ സുഹൃത്തായി നിന്ന് സ്വപ്നങ്ങള്ക്കും ചിറക് നല്കുന്നയാളാകണം അധ്യാപകൻ. അതില് സന്തോഷം കണ്ടെത്തുന്ന മനോഭാവം അധ്യാപകന് ഉണ്ടാവണം. ഒപ്പം മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പിന്തുണയും വേണം.
ബിജോയി ജോസഫ്, ഹെഡ്മാസ്റ്റര്
സെന്റ് തോമസ് ഹയര് സെക്കൻഡറി സ്കൂള് പാലാ
സ്വഭാവരൂപീകരണവും സാധ്യമാക്കണം
അറിവിനൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണവും സാധ്യമാക്കേണ്ട ഉത്തരവാദിത്വം അധ്യാപകനാണ്. എന്നാൽ മാറുന്ന പുതിയ കാലത്ത് അധ്യാപക-വിദ്യാര്ഥി ബന്ധത്തില് വിള്ളലുകൾ ദൃശ്യമാകുന്നു എന്നത് യാഥാര്ഥ്യമാണ്. ഈ പ്രതിസന്ധിക്കിടയിലും ഊഷ്മള ബന്ധങ്ങള് കാത്തുസൂക്ഷിക്കുന്ന അധ്യാപകര് ഇന്നും സമൂഹത്തിലുണ്ട്. അധ്യാപനത്തിന്റെ പവിത്രതയും ഉന്നതമായ മൂല്യങ്ങളും വീണ്ടെടുക്കാനുള്ള ആത്മപരിശോധനയുടെ ദിനമായി ഈ അധ്യാപകദിനം മാറട്ടെ.
ജോജി എബ്രഹാം, ഹെഡ്മാസ്റ്റർ
ഹോളിക്രോസ് എച്ച് എസ് എസ് ചേര്പ്പുങ്കല്
കുട്ടികളുടെ മനസ് വായിക്കാൻ കഴിയണം
അറിവ് പകര്ന്നുനല്കുക മാത്രമല്ല, ഓരോ കുട്ടിയുടെയും മനസ് വായിക്കാൻ അധ്യാപകന് കഴിയണം. പഠനത്തില് പിന്നിലാകുന്നത് കഴിവില്ലായ്മകൊണ്ടോ മടികൊണ്ടോ ആകണമെന്നില്ല, ചിലപ്പോള് ജീവിതം പഠിപ്പിച്ച വേദനകളുടെ ആഴം കൊണ്ടായിരിക്കാം. അതു തിരിച്ചറിയാന് കഴിയുന്ന ഹൃദയമാണ് യഥാര്ഥ അധ്യാപകന്റെ അടയാളം.
ഡോ. ബ്രിന്സി മാത്യു, അസോ. പ്രഫസര്
ദേവമാതാ കോളജ്, കുറവിലങ്ങാട്
ക്ലാസ് മുറികൾ യാന്ത്രികമായി മാറുന്നു
ഡിജിറ്റല് സ്വാധീനം ക്ലാസ്മുറികളെ യാന്ത്രികമാക്കി മാറ്റുന്നു എന്നത് ഇന്നിന്റെ യാഥാര്ഥ്യമാണ്. ധാര്മിക മൂല്യച്യുതിയും അനാരോഗ്യ പ്രവണതകളും അധ്യാപക സമൂഹത്തെയും സ്പര്ശിക്കുന്നുവെന്നത് ഗൗരവതരമായ വിഷയമാണ്. കേവലം സിലബസ് യന്ത്രങ്ങളാകാതെ വിദ്യാര്ഥികളുടെ മനസ് അറിയുന്ന സുഹൃത്തുക്കളാകാന് അധ്യാപകര്ക്ക് കഴിയണം. അധ്യാപകർ കുട്ടികളുടെ യഥാര്ഥ വഴികാട്ടികളായി മാറി ആ ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണം.
സിസ്റ്റര് സിനി മാത്യു, ഹെഡ്മിസ്ട്രസ്
സെന്റ് മേരീസ് ജിഎച്ച്എസ്എസ്, പാലാ
കുട്ടികളുടെ ചിന്തകൾക്ക് ചിറക് നൽകുന്നവർ
കുട്ടികളുടെ ചിന്തകൾക്ക് ചിറകുകൾ നൽകുന്നവരാണ് അധ്യാപകർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വിവരങ്ങൾ നൽകാൻ സാധിക്കും. എന്നാൽ ശരിയും തെറ്റും വേർതിരിച്ചറിഞ്ഞ് കുട്ടികളോടൊപ്പം നടക്കാൻ അധ്യാപകനെ സാധിക്കൂ. മുറിവുകൾ ഏൽക്കാതെയും ഏൽപ്പിക്കാതെയും തലമുറയെ പരുവപ്പെടുത്തേണ്ടവരാണ് അധ്യാപകർ. കുട്ടികളുടെ ഹൃദയത്തിൽ ഇടം നേടുന്നവരായി അധ്യാപകർ മാറണം. നിശബ്ദ സാമൂഹിക പരിഷ്കർത്താക്കളും പരിവർത്തനത്തിന്റെ ചാലക ശക്തികളുമാണ് അധ്യാപകർ.
ജോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ
സെന്റ് മേരീസ് എച്ച്എസ്എസ്, തീക്കോയി
അധ്യാപനം നന്മയിലേയ്ക്ക് വഴി തെളിക്കാനുള്ള വിളി
അധ്യാപനം ഒരു ജോലിയല്ല നന്മയിലേയ്ക്ക് വഴി തെളിക്കാനുള്ള വിളിയാണ്. പാഠപുസ്തകത്തിനൊപ്പം ജീവിത പുസ്തകവും പഠിപ്പിക്കുന്നവരാണ് അധ്യാപകർ. പാഠം തീര്ക്കാനുള്ള അധ്യാപകരുടെയും മാര്ക്ക് നേടാനുള്ള കുട്ടികളുടെയും തിരക്കിനിടയില് മനുഷ്യരെ കാണാന് അധ്യാപകന് പഠിപ്പിക്കണം. നല്ല മാര്ക്കിനേക്കാള് നല്ല മനുഷ്യരെ സൃഷ്ടിക്കാന് കുട്ടികളെ ഒരുക്കണം.
സിസ്റ്റര് ലിസി ജോസ് എഫ്സിസി
മേരിമാതാ പബ്ലിക് സ്കൂള് പാലാ
ഓരോ ക്ലാസ് മുറിയും നിശബ്ധ ശില്പശാലയാണ്
“ആർജിത പുണ്യകളധ്യാപികമാർ…” എന്ന് വൈലോപ്പിള്ളി എഴുതുമ്പോൾ, അദ്ദേഹം പുകഴ്ത്തിയത് പാഠപുസ്തകം തുറക്കുന്ന കൈകളെയല്ല, കുട്ടികളുടെ ഹൃദയങ്ങൾ തുറക്കുന്നവരെയാണ്. ഓരോ ക്ലാസ് മുറിയും ഭാവിയുടെ നിശബ്ദ ശിൽപശാലയാണ്. ജീവിതത്തിലെ ചോദ്യങ്ങളെ നേരിടാൻ ധൈര്യം പകരുന്നവരാണ് യഥാർഥ ഗുരുക്കന്മാർ. ഓരോ വിദ്യാർഥിയുടെയും വിജയത്തിൽ അധ്യാപകൻ പേര് എഴുതപ്പെടണം.
സിസ്റ്റർ മെറിലിറ്റ് എസ്എബിഎസ്
സെന്റ് തോമസ് എച്ച്എസ് പുള്ളിക്കാനം
അധ്യാപക സ്നേഹം കുട്ടികളെ
വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു
അധ്യാപകരുടെ സ്നേഹമാണ് കുട്ടിയെ ആദ്യമായി വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നത്. പിന്നീടാണ് ഗുരുവിന്റെ പ്രാധാന്യവും അറിവിന്റെ മഹത്വവും ഒരു വിദ്യാർഥി തിരിച്ചറിയുന്നത്. അധ്യാപകരെ ഉന്നതരായി കരുതിയിരുന്ന ഒരുസമൂഹം ഉണ്ടായിരുന്നു. കൂലിവേല വേലയേക്കാൾ താഴ്ന്ന വേതനം ദിവസക്കൂലിയായി അധ്യാപകർക്ക് നൽകുന്ന രീതി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് പൊതുസമൂഹത്തിന്റെ ജീർണതകൾ അധ്യാപകരിലേക്കും കടന്നുവരാൻ കാരണമായി. സ്വസ്ഥമായ ഹൃദയം അധ്യാപകർക്ക് എങ്ങനെ നൽകാം എന്ന ചർച്ച ഈ അധ്യാപക ദിനത്തിൽ ആരംഭിക്കട്ടെ.
ജോബെറ്റ് തോമസ്,
ഹെഡ്മാസ്റ്റർ, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
കളിക്കളങ്ങൾ കുട്ടികളെ പരുവപ്പെടുത്തുന്നു
കളിക്കളങ്ങള് നഷ്ടപ്പെടുന്നു എന്നത് കൗമാരക്കാര് നേരിടുന്ന വലിയ ഒരു പ്രശ്നമാണ്. ഇവിടെയാണ് അധ്യാപകരുടെയും മാതാപിതാക്കളുടെയും മറ്റ് സംഘടനകളുടെയും കണ്ണു തുറക്കേണ്ടത്. കുട്ടികള്ക്ക് കളിക്കാന് പറ്റുന്ന കളിക്കളങ്ങള് നിർമിക്കുക എന്നത് ഭരണകൂടങ്ങളുടെ ബാധ്യതയാണ്. പ്രകൃതിയുമായി ഇണങ്ങി വളരാന് കഴിയാത്ത കുട്ടികളിലാണ് സ്വഭാവ വൈകല്യങ്ങള്, മൊബൈലിന്റെ അമിതോപയോഗം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങള് വര്ധിക്കുന്നത്.
ഷീജ തോമസ്, ലക്ചറർ
സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര് എഡ്യൂക്കേഷന്, പാലാ
കുട്ടികളിൽ മൂല്യങ്ങൾ വളർത്താൻ അധ്യാപകൻ വേണം
ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ വിരൽത്തുമ്പിലാണെങ്കിലും കുട്ടികളിൽ ശരിയായ മൂല്യങ്ങൾ വളർത്താൻ അധ്യാപകന്റെ സാന്നിധ്യം ആവശ്യമാണ്. മാറുന്ന ലോകത്ത് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി ബോധനരീതികൾ നവീകരിക്കാൻ അധ്യാപകർ തയാറാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ അധ്യാപക-വിദ്യാർഥി ബന്ധത്തിലെ വിടവ് നികത്താനും സമൂഹത്തിലെ ജീർണതകൾ ക്ലാസ് മുറികളെ ബാധിക്കാതെ കാത്തുസൂക്ഷിക്കാനും സാധിക്കൂ. ഇതിനായി ദിവസവും ക്ലാസ് തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുൻപ് കുട്ടികളുടെ വികാരങ്ങളും ആശങ്കകളും പങ്കുവയ്ക്കാൻ ഇമോഷണൽ ചെക്ക്-ഇൻ സമയം അനുവദിക്കുന്നതും ഓരോ ആഴ്ചയും ഒരു നല്ല പ്രവൃത്തി ഡിജിറ്റലായി രേഖപ്പെടുത്തുന്ന കൈൻഡ്നെസ് ഡയറി പ്രോത്സാഹിപ്പിക്കുന്നതും ഉചിതമാകും. സ്നേഹത്തിലൂടെയും ഇത്തരം നവീന മാതൃകകളിലൂടെയും മാത്രമേ കുട്ടികളുടെ വ്യക്തിത്വം ശുദ്ധീകരിക്കാനും അവരെ നല്ലൊരു നാളെയുടെ വക്താക്കളാക്കാനും അധ്യാപകന് കഴിയൂ.
റെനി ഡിക്രൂസ് , അധ്യാപിക, സെന്റ് ആന്റണീസ്
പബ്ലിക് സ്കൂൾ, ആനക്കല്ല്
അധ്യാപക വാക്കും ചോദ്യം ചെയ്യപ്പെടുന്ന കാലം
മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പം ഉണ്ടായിരുന്ന കാലത്ത് ഗുരുവിന്റെ വാക്കുകൾ ചോദ്യം ചെയ്യാതെ സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് അധ്യാപകന്റെ ഓരോ വാക്കും കുട്ടിയും മാതാപിതാക്കളും ചോദ്യം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കാലമാണ്. അറിവുകൾ അധ്യാപകന്റെ കൈവശം മാത്രം ഉണ്ടായിരുന്ന കാലം കഴിഞ്ഞു. അധ്യാപകന്റെ സ്നേഹം അതിരുകളില്ലാത്ത ലാളനയല്ല, ശരിയായ വഴിയിലേയ്ക്ക് നയിക്കുന്ന കരുതലാണ്. ഇന്ന് ഗുരുവിന് ദൈവത്തിന്റെ പദവി ആവശ്യമില്ല. പകരം കുട്ടിയുടെ വിശ്വാസം നേടുന്ന മനുഷ്യനാകുകയാണ് കൂടുതൽ പ്രധാനം.
ജൂബി ജോർജ്, അധ്യാപിക, എസ്എച്ച് യുപി സ്കൂൾ, പൊൻകുന്നം
അധ്യാപകർ എന്നും വിലമതിക്കപ്പെടുന്നവർ
ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും നാടായ ഭാരതത്തിൽ അധ്യാപകർ എന്നും വിലമതിക്കപ്പെടുന്നവരാണ്. എഐ യുഗത്തിലും അധ്യാപകരുടെ പ്രസക്തി കുറഞ്ഞിട്ടില്ല. വിദ്യാർഥിയെ അറിയുന്ന, മനസിലാക്കുന്ന അവന് താങ്ങും തണലുമാകുന്ന ഒരു അധ്യാപകന് പകരമാക്കുവാൻ യന്ത്രബുദ്ധിക്കു സാധ്യമല്ല. സമൂഹത്തിന്റെ തിരുത്തൽ ശക്തിയായി കുട്ടികളുടെ മനസിൽ നിലനിൽക്കുന്ന ഈശ്വര പ്രതിബിംബങ്ങളായി മാറാൻ ഓരോ അധ്യാപകനും കഴിയട്ടെ.
ടോം എബ്രഹാം, ഹെഡ്മാസ്റ്റർ
സെന്റ് ജോർജ്സ് ഹൈസ്കൂൾ കൂട്ടിക്കൽ
കുട്ടികളെ സ്വാധീനിക്കാൻ കഴിയണം
കുട്ടികളെ സ്വാധീനിക്കാൻ അധ്യാപക സമൂഹത്തിന് കഴിയണം. അവരുടെ ജീവിത പശ്ചാത്തലങ്ങൾ മനസിലാക്കി നേർവഴിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം അധ്യാപകരിൽ നിക്ഷിപ്തമാണ്. അതിരുവിടുന്ന ആഘോഷങ്ങളും അക്രമസംഭവങ്ങളും ലഹരിയുടെ വ്യാപനവും കാമ്പസുകളിൽ ഒരിക്കലും ആശാസ്യമല്ല. കുട്ടികളെ നേർവഴിക്ക് നടത്താനും അവർക്ക് ദിശാബോധവും ആത്മധൈര്യവും പകർന്നു നൽകാനുമുള്ള വെല്ലുവിളി അധ്യാപക സമൂഹം സധൈര്യം ഏറ്റെടുക്കട്ടെ.
ബിനോയി എം. ജേക്കബ്, പ്രിൻസിപ്പൽ
സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ,
കാഞ്ഞിരപ്പള്ളി
കളിക്കളങ്ങൾ മനക്കരുത്തിന്റെ ആദ്യപാഠശാല
പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും പരാജയങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്തിന്റെയും ആദ്യപാഠശാലകളാണ് കളിക്കളങ്ങൾ. ചിന്തകൾക്ക് മൂർച്ച കൂട്ടാനും ലോകത്തെ ആഴത്തിൽ മനസിലാക്കാനും കുട്ടികളെ സഹായിക്കുന്നതാണ് വായന. തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻകൈയെടുത്ത് ഗ്രാമങ്ങളിൽ കളിസ്ഥലങ്ങളും വായനമുറികളും വീണ്ടും സജീവമാക്കണം. സർഗാത്മകതയും ശാരീരികക്ഷമതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ വായനയും കളികളും നമുക്ക് തിരികെ കൊണ്ടുവരാം.
സ്മിത ജോർജ്, അധ്യാപിക,
സെന്റ് തോമസ് യുപിഎസ്, കണമല
അറിവിനപ്പുറമുള്ള സാന്നിധ്യം
അറിവിനപ്പുറമുള്ള സാന്നിധ്യമാണ് ഓരോ അധ്യാപകനും. അറിവിനായി അധ്യാപകനെ മാത്രം ആശ്രയിക്കേണ്ടതല്ലാത്ത ലോകമാണിന്ന്. എന്നാൽ അറിവിൽ നിന്ന് നെല്ലും പതിരും തിരിച്ചറിയാനും അറിവിനെ വിവേകമാക്കി ആത്മവിശ്വാസം നേടാനും അധ്യാപക സാന്നിധ്യം അനിവാര്യമാണ്. മാർക്ക് കുറഞ്ഞ കുട്ടിയിൽ ഒരു പരാജിതനെ കാണാതെ അവനിലേക്ക് ഇറങ്ങി അവന്റെ കഴിവിനെ കണ്ടെത്തുന്ന കണ്ണാവണം അധ്യാപകർ.
തോമസ് പടിയറ, അധ്യാപകൻ
സെന്റ് തോമസ് ഹൈസ്കൂൾ, ആനിക്കാട്
പുതുതലമുറയ്ക്ക് അധ്യാപനത്തോട് താത്പര്യമില്ല
അടച്ചുപൂട്ടൽ, ജോലിപോകൽ, ശമ്പളമില്ലായ്മ പോലുള്ള നിലവിളി ജാഥകൾ കണ്ടു മടുത്തിട്ടോ, അവധിക്കാലത്തെ പിള്ളേരെപിടുത്തക്കാരെ വിഷയമാക്കിയ കോമഡി ഷോകൾ കണ്ട് പുച്ഛം തോന്നിയിട്ടോ, ആത്മാർഥതയും ആർജവവുമൊക്കെ പ്രതിക്കൂട്ടിൽ നിൽക്കുന്നത് കണ്ടു ഭയന്നിട്ടോ.... എന്താണെന്നറിയില്ല പുതുതലമുറയിലെ മിടുക്കരിൽ നിന്നു വിരളമായിപ്പോലും ഭാവിയിൽ ആരാകണം എന്ന ചോദ്യത്തിന് അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എന്ന ഉത്തരം ലഭിക്കുന്നില്ല. ഈ വസ്തുത നമ്മുടെ ഭാവി തലമുറയെ എങ്ങനെ ബാധിക്കുമെന്ന് ഈ അധ്യാപക ദിനത്തിൽ ചിന്താവിഷയമാക്കുന്നത് നന്നായിരിക്കും.
രേഖ മാത്യു, ഹെഡ്മിസ്ട്രസ്,
സെന്റ് തോമസ് ഹൈസ്കൂൾ, എരുമേലി
തലമുറ വ്യത്യാസങ്ങൾ അകൽച്ചയാകരുത്
ജെൻ എക്സിലും മില്ലേനിയൽസിലും ജെൻ സിയിലും പെട്ട അധ്യാപകർ ജെൻ സിയെയും ജെൻ ആൽഫയേയും രൂപപ്പെടുത്തുന്ന കാലമാണിത്. തലമുറ വ്യത്യാസത്തെ അകൽച്ചയായി കാണാതെ, വിദ്യാർഥിയുടെ ലോകത്തെ മനസിലാക്കാനുള്ള അവസരമായി അധ്യാപകർ സ്വീകരിക്കണം. സാങ്കേതികവിദ്യയും വിവരലഭ്യതയും ചിന്താശൈലിയും മാറിയപ്പോൾ അധ്യാപനരീതികളും മാറേണ്ടതുണ്ട്. അറിവ് പകർന്നുനൽകുന്നതിലുപരി മാറുന്ന തലമുറയോടൊപ്പം സഞ്ചരിക്കാനുള്ള ബുദ്ധിപൂർവമായ പൊരുത്തപ്പെടലാണ് ഇന്നത്തെ അധ്യാപകന്റെ ഏറ്റവും വലിയ വെല്ലുവിളി.
രാജീവ് ജോസഫ്, ഹെഡ്മാസ്റ്റർ
എഎം എച്ച്എസ്എസ്, കാളകെട്ടി
കോവിഡ് അധ്യാപക-വിദ്യാർഥി ബന്ധത്തെ ബാധിച്ചു
കോവിഡ് കുട്ടികളുടെ പഠനരീതിയെ മാത്രമല്ല അധ്യാപക-വിദ്യാർഥി ബന്ധത്തെയും മാറ്റിമറിച്ചു. വീടും വിദ്യാലയവും തമ്മിലുള്ള അതിരുകൾ മാഞ്ഞഓൺലൈൻ പഠനകാലം രക്ഷിതാക്കളെ കുട്ടിയുടെ പഠനത്തിന്റെ നേരിട്ടുള്ള പങ്കാളികളാക്കിയെങ്കിലും കോവിഡാനന്തരം ആ ബന്ധം പലപ്പോഴും പരാതികളുടെയും ഇടപെടലുകളുടെയും തലത്തിലേക്ക് ചുരുങ്ങി. സാങ്കേതികവിദ്യ പഠനത്തിന് വേഗം നൽകിയേക്കാം. പക്ഷേ കുട്ടിയുടെ ഹൃദയത്തിലേക്കെത്താൻ ഇന്നും സ്നേഹവും വിശ്വാസവും നിറഞ്ഞ മനുഷ്യബന്ധം തന്നെയാണ് ഏറ്റവും ശക്തമായ മാധ്യമം.
ബിനോൾ കെ. മാത്യു, ഹെഡ്മിസ്ട്രസ്
ഹോളിഫാമിലി യുപി സ്കൂൾ, ഇഞ്ചിയാനി
അധ്യാപകർ സമൂഹത്തിന്റെ ശില്പികൾകുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവരെ മികച്ച വ്യക്തികളാക്കി മാറ്റുന്ന അധ്യാപകർ തന്നെയാണ് നല്ല സമൂഹത്തിന്റെ യഥാർഥ ശില്പികൾ. അറിവും തിരിച്ചറിവും പകർന്നു നൽകി തലമുറകളെ സന്മാർഗത്തിലേക്ക് കൈപിടിച്ചു നടത്തുന്ന എല്ലാ ഗുരുക്കന്മാർക്കും അധ്യാപകദിനാശംസകൾ നേരുന്നു.
വി.എം. സിന്ധുമോൾ, ഹെഡ്മിസ്ട്രസ്
സെന്റ് ജോസഫ്സ് എൽപിഎസ്, മുണ്ടക്കയം
ഡിജിറ്റൽ യുഗത്തിൽ അധ്യാപകസമൂഹം
വെല്ലുവിളികൾ നേരിടുന്നു
അധ്യാപകസമൂഹം ഈ ഡിജിറ്റൽ യുഗത്തിൽ നിരവധിയായ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠനരീതികളും ഹൈടെക് ക്ലാസ് മുറികളും ഓൺ ലൈൻ പഠനസംവിധാനങ്ങളും വിദ്യാഭ്യാസമേഖലയിലും അധ്യാപനരംഗത്തും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. അധ്യാപകർ ഇന്ന് വിദ്യാർഥികൾക്ക് പഠന സാഹചര്യം ഒരുക്കുന്നവരായി മാറി. ഇത് പഴയകാല ഗുരുശിഷ്യ ബന്ധം എന്ന സങ്കല്പംതന്നെ മാറ്റിയെഴുതി. ബാലാവകാശ നിയമങ്ങളെക്കുറിച്ച് ബോധ്യമുള്ള വിദ്യാർഥീസമൂഹം തങ്ങളുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നവരായി മാറി. എന്നാൽ ഇപ്പോഴും പൊതുസമൂഹം അധ്യാപകസമൂഹത്തോട് വലിയ ആദരവുംസ്നേഹവും പ്രകടിപ്പിക്കുന്നു. അധ്യാപകരിൽനിന്നും മാതൃകാപരമായ സേവനങ്ങളും ഇടപെടലുകളും സമൂഹവും ആവശ്യപ്പെടുന്നു. അതിന്റെ ഓർമപ്പെടുത്തലുകളാണ് ഓരോ അധ്യാപക ദിനവും.
ബൈജുമോൻ ജോസഫ്, ഹെഡ്മാസ്റ്റർ, സെന്റ് ലൂയിസ് യുപി സ്കൂൾ
പള്ളിപ്രത്തുശേരി, വൈക്കം
അധ്യാപനം മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയ
അധ്യാപനം അറിവ് പകരുക മാത്രമല്ല, ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയ കൂടിയാണ്. ഇന്നത്തെ കുട്ടികള്ക്ക് പാഠപുസ്തക പഠനത്തേക്കാള് കൂടുതല് ആവശ്യം തങ്ങളെ കേള്ക്കാനും മനസിലാക്കാനും തയാറുള്ള ഒരു അധ്യാപകനെയാണ്. സോഷ്യല് മീഡിയയുടെ ആഗമനത്തോടെ കുട്ടികളുടെ സ്വഭാവത്തിലും പഠനത്തിലും മാറ്റങ്ങള് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവരെ യാഥാര്ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് സാങ്കേതികവിദ്യയെക്കാള് അഭികാമ്യം ഒരു അധ്യാപകന്റെ സ്നേഹവും പ്രോത്സാഹനവുമാണ്. ഒരു നല്ല അധ്യാപക-വിദ്യാര്ത്ഥി ബന്ധം സുദൃഢമായി വളരുന്നത് ഭയത്തിലല്ല, സ്നേഹത്തിലാണ് എന്ന് തിരിച്ചറിയണം.
വി.എസ്. ഇന്ദിരാമണി
സെന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്കൂള്, ആയാംകുടി
അധ്യാപകൻ വഴികാട്ടി
അധ്യാപനം ഏറ്റവും സങ്കീർണമായിരിക്കുന്ന കാലയളവാണിത്. കുട്ടികൾക്ക്, വിജ്ഞാനം വിരൽത്തുമ്പിൽ ലഭ്യമാകുന്നു. ധാരാളം വിമർശനങ്ങൾ പല രീതിയിലും അധ്യാപകർ ഏറ്റുവാങ്ങേണ്ടിവരുന്ന കാലഘട്ടം. മാറുന്ന കാലത്തും അധ്യാപനത്തിന്റെ മഹത്വവും പ്രസക്തിയും ഏറെ വർധിച്ചിട്ടുണ്ടെന്ന് സമൂഹവും തിരിച്ചറിയുന്നുണ്ട്. പാഠങ്ങൾ പഠിപ്പിക്കുക എന്നതിലുപരിയായി കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലാൻ അധ്യാപകർക്ക് കഴിയണം. പാരസ്പര്യം, സഹജീവിസ്നേഹം തുടങ്ങി തിരിച്ചറിവിന്റെ വലിയ പാഠങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ അധ്യാപകർക്കാണ് കഴിയുക. സാമൂഹ്യവീക്ഷണവും പൗരബോധവും ജനാധിപത്യബോധവും കുട്ടികളിൽ രൂപപ്പെടുന്നത് വിദ്യാലയങ്ങളിൽനിന്നാണ്. ശാസ്ത്രബോധമുള്ള തലമുറയെ സൃഷ്ടിക്കാനും അവരെ അഭിപ്രായമുള്ളവരായി മാറ്റാനും അധ്യാപകർക്കു സാധിക്കും. ഏറ്റവും ഉപരിയായി വിദ്യാർഥിയെ അവനായി, അവളായിത്തന്നെ അവരുടെ സ്വത്വ ബോധത്തെ നിലനിർത്തി വ്യക്തിത്വവികസനം സാധ്യമാക്കുന്ന നല്ലൊരു വഴികാട്ടിയുടെ റോളാണ് ഇന്ന് അധ്യാപകർക്കുള്ളത്. വിദ്യാർഥിയുടെ ഏതു പ്രശ്നവും പറയാൻ പറ്റുന്ന ആളായി അധ്യാപകൻ മാറണം. പ്രകൃതിയെയും സമൂഹത്തേയും അറിഞ്ഞ് ഓരോ കുഞ്ഞിന്റെയും അകക്കണ്ണ് തുറപ്പിച്ച് അവരെ കൈപിടിച്ചു നടത്താൻ കഴിയുമ്പോഴാണ് ഒരു അധ്യാപകന്റെ ദൗത്യം പൂർണമാകുന്നത് .
സി. മായാദേവി, ഹെഡ്മിസ്ട്രസ്, എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തലയോലപ്പറമ്പ്
കളിക്കളങ്ങളും വായനകളും നഷ്ടപ്പെടുന്ന കൗമാരം
ഡിജിറ്റല് സ്ക്രീനുകള്ക്കു മുന്നില് തളച്ചിടപ്പെടുന്ന ഇന്നത്തെ കൗമരത്തിന് കളിസ്ഥലങ്ങളും വായനശാലകളും അന്യമായിക്കൊണ്ടിരിക്കുകയാണ്. ശാരീരിക വ്യായാത്തിന്റെ കുറവ് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുബോള് പുസ്തകങ്ങളുടെ അഭാവം ഭാവനയെയും ചിന്തശേഷിയെയും പരിമിതപ്പെടുത്തുന്നു. കളിക്കളങ്ങളിലെ സൗഹൃദങ്ങളും വായന നല്കുന്ന ഉള്കാഴ്ചകളും കൗമാരക്കാരുടെ വ്യക്തിത്വവികസനത്തിന് അത്യന്താപേക്ഷിതമാണ്.
എസ്. ബ്ലിസി, സെന്റ് ജോര്ജ് ഇഎംഎച്ച്എസ്, തലയോലപ്പറമ്പ്
കളിക്കളങ്ങളും വായനയും നഷ്ടപ്പെടുന്ന കൗമാരം
കൗമാരം വ്യക്തിത്വവും ചിന്തകളും രൂപപ്പെടുന്ന ജീവിതത്തിലെ പ്രധാന ഘട്ടമാണ്. എന്നാല് ഇന്ന് കുട്ടികള് കളിക്കളങ്ങളില്നിന്ന് അകന്ന് മൊബൈല് ഫോണിലും സോഷ്യല് മീഡിയയിലും കൂടുതല് സമയം ചെലവഴിക്കുന്നു. കളികള് ശരീരാരോഗ്യത്തോടൊപ്പം അച്ചടക്കം, സഹകരണം, നേതൃത്വഗുണം എന്നിവ വളര്ത്തുന്നു. കളിക്കളത്തില് നിന്ന് കുട്ടികള് ജയ-പരാജയങ്ങളെ ഒരുപോലെ നേരിടാന് പഠിക്കുന്നു. കുട്ടികളില്നിന്ന് അകന്നുപോകുന്ന മറ്റൊരു നല്ല ശീലമാണ് വായന. പുസ്തകവായന ഭാഷാശേഷിയും ചിന്താശേഷിയും സൃഷ്ടിപരതയും മനുഷ്യസ്നേഹവും വളര്ത്തുന്നു. അധ്യാപകരും മാതാപിതാക്കളും കുട്ടികള്ക്ക് കളിക്കാനും വായിക്കാനും ആവശ്യമായ സമയം നല്കണം. സ്കൂളുകളില് കായിക പ്രവര്ത്തനങ്ങള്ക്കും വായനശാലകള്ക്കും വായനാക്ലബ്ബുകള്ക്കും കൂടുതല് പ്രാധാന്യം നല്കണം. സാങ്കേതികവിദ്യക്കൊപ്പം പുസ്തകവും പഠനത്തോടൊപ്പം കളിയും ചേരുമ്പോഴാണ് ആരോഗ്യകരവും ചിന്താശേഷിയുള്ളതുമായ ഒരു കൗമാരത്തെ വളര്ത്തിയെടുക്കാന് നമുക്ക് കഴിയുന്നത്.
ജോഷി ജോര്ജ്, ഹെഡ്മാസ്റ്റര്, സെന്റ് സേവ്യേഴ്സ്
വൊക്കേഷണല്, ഹയര് സെക്കന്ഡറി സ്കൂള്, കുറുപ്പന്തറ
കുട്ടിത്തം നഷ്ടപ്പെടുന്ന കുട്ടികള്
ഇന്നത്തെ കുട്ടികള് പഠനത്തിന്റെയും മത്സരത്തിന്റെയും തിരക്കില് സ്വന്തം കുട്ടിത്തം ആസ്വദിക്കാന് മറക്കുന്നു. കളിയും ചിരിയും കൂട്ടുകാരോടൊപ്പമുള്ള സന്തോഷനിമിഷങ്ങളും അവരുടെ ജീവിതത്തില് കുറയുന്നു. മൊബൈല് ഫോണിന്റെയും ടെലിവിഷന്റെയും അമിത ഉപയോഗവും കുട്ടികളുടെ സ്വാഭാവികമായ വളര്ച്ചയെ ബാധിക്കുന്നു. പ്രായത്തിന് അനുസരിച്ചല്ലാത്ത അറിവുകള് അവര് നേടുന്നു. ചെറിയ വായില് വലിയ വര്ത്തമാനം എന്നു പറയുന്നത് ഒരു സ്വഭാവികമായ കാര്യമായി മാറുന്നു.
കുട്ടികള്ക്ക് പഠനത്തോടൊപ്പം കളിക്കാനും ചിരിക്കാനും സ്വപ്നം കാണാനും പ്രകൃതിയെ ആസ്വദിക്കാനും അവസരം നല്കണം.
ടില്ജി അലോഷ്യസ്, സെന്റ് ആഗ്നസ് എല്പിഎസ്, മുട്ടുചിറ
സോഷ്യല് മീഡിയ കുട്ടികളെ അധ്യാപകരില്നിന്ന് അകറ്റുന്നു
സോഷ്യല് മീഡിയയുടെ അനിയന്ത്രിതമായ പ്രചാരണങ്ങള് ഒരു പരിധിവരെ കുട്ടിക
Education
സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) 2026 വര്ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്
അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര് സയന്സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്, ഇംഗ്ലീഷ്, ജോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോര്ട്ടികള്ച്ചര്, ലോ, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, മെറ്റീരിയല്സ് സയന്സ്, മാത്തമാറ്റിക്സ്, മീഡിയ ആന്ഡ് കമ്യൂണിക്കേഷന്, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്കല് എഡ്യൂക്കേഷന് ആന്ഡ് സ്പോര്ട്സ്, ഫിസിക്സ്, സോഷ്യല് വര്ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, തമിഴ്, ഹിസ്റ്ററി, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, എപിഡെമിയോളൊജി ആന്ഡ് പബ്ലിക് ഹെല്ത്ത്, ടൂറിസം ആന്ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് .
യോഗ്യത
കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ എംഫില്. ബിരുദം / കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 75 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ 4 വര്ഷത്തെ ബാച്ചിലേഴ്സ് ബിരുദം.
b. യുജിസി നെറ്റ്/ യുജിസി-സിഎസ്ഐആര് നെറ്റ്/ഗേറ്റ് തുടങ്ങിയ പരീക്ഷകളിലെ സാധുവായ സ്കോര് / സിയുടിഎന് നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷയിലെ (2026) സാധുവായ സ്കോര്.
അപേക്ഷ
അപേക്ഷകര് ഓണ്ലൈനായി സെപ്റ്റംബര് ആറിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്
ജനറല്/ഒബിസി /ഇഡബ്ല്യുഎസ് അപേക്ഷകര്ക്ക് 2360 രൂപയും എസ്സി / എസ്ടി/ പിഡബ്ല്യുഡി/ തേര്ഡ് ജെന്ഡര് അപേക്ഷകര്ക്ക് 1770രൂപയും.
പ്രവേശന നടപടിക്രമം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില് പങ്കെടുക്കണം. സാധുവായ ഗേറ്റ് അല്ലെങ്കില് സിഎസ്ഐആര്/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് റിക്കാര്ഡും അഭിമുഖ പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും.
വിശദാംശങ്ങള്ക്ക്: ടെലിഫോണ്: +919442488406
ഇ-മെയില്: [email protected]
വെബ്സൈറ്റ്: https://cutn.ac.in/
ലിങ്ക്: https://cutn.ac.in/admissions-phd-programmes/
Education
തിരുവനന്തപുരം: ഒന്നാംഘട്ട പിജി ദന്തൽ (എംഡിഎസ്) കോഴ്സുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സമർപ്പിക്കുന്നതിനുള്ള തിയതി മൂന്നിനു രാവിലെ 11വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in. , 04712332120.
Education
കോട്ടയം: 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ പ്ലസ് വണ്, പ്ലസ് ടു പഠനത്തോടൊപ്പം ഐഐടി, എയിംസ്, ഐസർ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകൾക്കുള്ള രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് നടത്തപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ ബംഗളൂരു, ദുബായി, ഖത്തർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും ഓണ്ലൈനായും പരീക്ഷ എഴുതാവുന്നതാണ്.
സ്കോളർഷിപ്പുകൾ: ഐഐടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്ക് നേടുന്നവർക്ക് യഥാക്രമം 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം രൂപയും നാല്, അഞ്ച് റാങ്കുകൾക്ക് 2 ലക്ഷം രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും. പ്രവേശന പരീക്ഷയിൽ റാങ്കു നേടുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുട്ടികൾക്ക് ’ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി’ സ്കീമിലൂടെ സാന്പത്തിക സഹായവും ലഭിക്കും.
ഫൗണ്ടേഷൻ പ്രോഗ്രാം: 5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് ഓഫ്ലൈനായും ഓണ്ലൈനായും നടക്കും.
ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡ് (BSO2026): 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഒളിന്പ്യാഡിന്റെ ആദ്യഘട്ട പരീക്ഷ നവംബർ 14-ന് ഓണ്ലൈനായി നടക്കും. സൗജന്യമായി രജിസ്റ്റർ ചെയ്യാം.
നീറ്റ് / ജെഇഇ 2027 റിപ്പീറ്റേഴ്സ് & റീറിപ്പീറ്റേഴ്സ്: പുതിയ ബാച്ചുകൾ 16-ന് തിരുവനന്തപുരം, കൊല്ലം, പാലാ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ സെന്ററുകളിൽ ഓഫ്ലൈനായും ഓണ്ലൈനായും ബാച്ചുകൾ ആരംഭിക്കും. 2026ലെ നീറ്റ് സ്കോർ/മാർക്കിന്റെ അടിസ്ഥാനത്തിൽ 100 % വരെ സ്കോളർഷിപ്പും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: www.brilliantpala.org
ഫോണ്: 04822-206100, 206800.
Education
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.
നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ നടത്തിയിരുന്നത് വിദ്യാർഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് കാരണമായിരുന്നു.
ഇതേത്തുടർന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. ഈ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദേശം നൽകുകയായിരുന്നു.
തുടർന്നാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.
National
മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. വിനോദ് കട്കെ എന്ന അധ്യാപകനെതിരെയാണ് ജില്ലാ ഭരണകൂടത്തിന്റെ കർശന നടപടി.
രാജ്യവ്യാപകമായി നടക്കുന്ന 'സ്കൂൾ നന്നാക്കൂ' എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അധ്യാപകന്റെ ഗുരുതരമായ അനാസ്ഥ പുറത്തുവന്നത്. ക്ലാസ് മുറിയിലെ മദ്യലഹരിയിൽ കിടന്നുറങ്ങുന്ന പ്രധാനാധ്യാപകന്റെ ദൃശ്യങ്ങൾ സംഘടനയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു.
വിനോദ് കട്കെ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും കുട്ടികളെ ക്ലാസുകളിൽ നിന്ന് പുറത്താക്കാറുണ്ടെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. കൂടാതെ, ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം മൂന്ന് മണി വരെ ക്ലാസുകൾ എടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവരെക്കൊണ്ട് ക്ലാസുകൾ എടുപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
അധ്യാപകനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ തെളിവുകൾ സഹിതം അധികാരികൾക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ പരിഷത്ത് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എന്നാൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്ന്, പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
രാജ്യത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് സിജെപി കാമ്പയിൻ ആരംഭിച്ചത്. കാമ്പയിനിന്റെ ഭാഗമായി സ്കൂളുകൾ സന്ദർശിച്ചപ്പോഴാണ് അധ്യാപകൻ ലഹരിയിൽ മയങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രവർത്തകർക്ക് ലഭിച്ചത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് എൻജിനിയറിംഗ് കോളജുകളിലെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്.
കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതു വഴി ഒൻപത് സർക്കാർ എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും ഒഴിവുണ്ടായാൽ വിദ്യാർഥികൾക്ക് ഒറ്റ കേന്ദ്രത്തിൽതന്നെ പ്രവേശനം നേടാമായിരുന്നു.എന്നാൽ ഇത്തവണ ഓരോ കോളജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാർഥികൾക്ക് തിരിച്ചടിയായി. ഇതോടെയാണ് ഇവർ മന്ത്രിയെ സമീപിച്ചത്.
13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിൽ പോകാതെ തന്നെ ഒൻപത് ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി റോജി.എം.ജോണ് അറിയിച്ചു.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 04712324396, 2560327.
Education
തിരുവനന്തപുരം: 2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse. kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
Business
കാഞ്ഞിരപ്പള്ളി: വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കില് മാത്രമേ തൊഴിലില്ലായ്മക്കു പരിഹാരം കാണാന് സാധിക്കുകയുള്ളുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്.
കാഞ്ഞിരപ്പള്ളി അമല്ജ്യോതി കോളജ് ഓഫ് എന്ജിനിയറിംഗ് സില്വര് ജൂബിലി വര്ഷത്തില് ആരംഭിച്ച അമല് ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തില് ഏറ്റവും പൊട്ടന്ഷ്യല് ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് പരമാവധി അക്കാഡമിക് ഓട്ടോണമി ലഭ്യമാക്കി പ്രവര്ത്തിക്കാന് അവസരമൊരുക്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്ക്കാരിന്റെ ലക്ഷ്യം. ഇതിനായി എയ്ഡഡ്, സ്വാശ്രയ മാനേജ്മെന്റുകള് സര്ക്കാരുമായി ഒരുമിച്ച് പ്രവര്ത്തിക്കണം.
വിദ്യാര്ഥികള് ആഗ്രഹിക്കുന്ന തൊഴിലവസരങ്ങള് ഇവിടെ ലഭിക്കുന്നില്ല. മാറുന്ന തൊഴില് സാഹചര്യങ്ങള് മുന്കൂട്ടി കണ്ട് പുതിയ കോഴ്സുകള് ഒരുക്കി വിദ്യാര്ഥികളെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര് ജോസ് പുളിക്കല് അധ്യക്ഷത വഹിച്ചു.
റോണി കെ. ബേബി എംഎല്എ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്, ഡയറക് ടര് ഫാ.ഡോ. റോയി പഴയപറമ്പില്, അമല് ജ്യോതി ബിസിനസ് സ്കൂള് ഡയറക്ടര് ഡോ. തോമസ് ജോസഫ് എന്നിവര് പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
Education
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ 27നു ഉച്ചയ്ക്ക് ഒന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്: hscap.kerala.gov.in
Education
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2026 മുഖേന എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാണ്.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ / കാറ്റഗറി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനും 27നു രാവിലെ 11 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www. cee.kerala.gov.in
Education
തിരുവനന്തപുരം: സ്കോൾകേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഇന്നുമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഫീസടച്ച്, www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വിവരങ്ങൾക്ക്: 04712342950, 2342271, 2342369.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്നു മുതൽ 28 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകാൻ ശ്രദ്ധിക്കണം.
Education
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് റിന്യുവൽ അപേക്ഷകൾ www.scholarships.gov.in വഴി ഓൺലൈനായി സമർപ്പിക്കാം.
റിന്യൂവൽ ചെയ്യുന്നതിനായി വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447096580.
Kerala
തിരുവനന്തപുരം: മികവുറ്റ ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്ന സ്ഥാപനമാണ് ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്നൊ). നാക് എ++ അംഗീകാരമുള്ള രാജ്യത്തെ ഓപൺ സർവകലാശാലകളിലൊന്നാണിത്.
കല, ശാസ്ത്രം, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറിലധികം പ്രോഗ്രാമുകൾ ഇഗ്നൊ നൽകുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഗവേഷണതല പഠനങ്ങൾവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. വർഷത്തിൽ രണ്ടുതവണ അഡ്മിഷൻ ലഭ്യമാകുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയും.
യുജിസി മാർഗനിർദേശങ്ങൾ പ്രകാരം ഒരേസമയം ഒന്നിലധികം കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. തിരുവനന്തപുരം ഇഗ്നൊ റീജണൽ സെന്ററിന് കീഴിലുള്ള മാർ ഈവാനിയോസ് കോളജിലെ ഇഗ്നൊ സ്റ്റഡി സെന്ററാണ് അക്കാദമിക പിന്തുണയും സേവനങ്ങളും നൽകുന്ന പ്രധാന കേന്ദ്രം.
ജൂലൈ സെഷനിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് ഇഗ്നൊ വെബ്സൈറ്റ് സന്ദർശിക്കുകയോ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും ഇഗ്നൊ സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ. സുജു സി. ജോസഫ് അറിയിച്ചു.
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്കൂളുകളിൽ അധ്യയനം മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നും തസ്തിക നിർണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ പലയിടത്തും ഇക്കുറി പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ചട്ടത്തിൽ താത്കാലിക സർട്ടിഫിക്കറ്റിനെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ തസ്തിക നിർണയം അടക്കമുള്ള നടപടികൾക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് ഉത്തരവ്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങൾ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികൾക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ഏതെങ്കിലും സ്കൂളിൽ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകാനാകുന്നില്ലെങ്കിൽ 15 മുതൽ അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം അനുവദിക്കാൻ കഴിില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
National
അമൃത്സർ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ സഹപാഠിയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവച്ച് ജീവനൊടുക്കി വിദ്യാർഥി.
ഒന്നാം വർഷ നിയമവിദ്യാർഥികളായ നൗഷെഹ്റ പന്നുവാൻ നിവാസിയായ സന്ദീപ് കൗർ, ജലന്ധർ ജില്ലയിലെ മല്ലിയൻ ഗ്രാമവാസിയായ പ്രിൻസ് രാജ് എന്നിവരാണ് മരിച്ചത്.
സംഭവത്തിന്റെ ക്ലാസ് മുറി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 9.15ഓടെയാണ് സംഭവം നടന്നത്.
ക്ലാസിലേക്ക് കയറിവന്ന പ്രിൻസ്, സന്ദീപ് കൗറിനടുത്തേക്ക് എത്തുകയും ഇരുവരും സംസാരിക്കാനായി മുറിയുടെ പിൻഭാഗത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
സംസാരത്തിനിടെ ബാഗിൽ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പെൺകുട്ടി വീണയുടൻ തന്നെ ഇയാൾ സ്വന്തം തലയ്ക്കും വെടിവെച്ചു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇരുവരും തല്ക്ഷണം മരിച്ചു. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി സിവില് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില് അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പോലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. തെളിവുകള് ശേഖരിക്കുന്നതിനായി ഫോറന്സിക് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം പ്രണയബന്ധം സംബന്ധിച്ച മുന്വൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.
National
അഹമ്മദാബാദ്: ഗുജറാത്തിൽ കോളജ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ജീവനൊടുക്കി. ഗാന്ധിനഗറിലെ സെക്ടർ -7 ലെ ജെഎം ചൗധരി കോളജിലെ ഒന്നാം വർഷ ബിഎ വിദ്യാർഥിനി ശിവാനി അഹിർ(19) ആണ് തൂങ്ങി മരിച്ചത്.
പത്താൻ ജില്ലക്കാരിയാണ് ശിവാനി അഹിർ. ബുധനാഴ്ച വൈകുന്നേരം കോളജ് കാമ്പസിലെ ഹോസ്റ്റലിൽ നിന്ന് ശിവാനിയെ കാണാതായിരുന്നു. തുടർന്ന് കോളജ് അധികൃതരും പോലീസും തിരച്ചിൽ നടത്തുകയും വിവരം ശിവാനിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
തുടരന്വേഷണത്തിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ ശിവാനിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയാണ് ശിവാനി മരിച്ചത്.
സംഭവത്തിൽ ഗാന്ധിനഗർ സെക്ടർ 7 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും ഗാന്ധിനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിവ്യ പ്രകാശ് ഗോഹിൽ പറഞ്ഞു.
National
ഭുവനേശ്വർ: ഒഡീഷയിൽ ക്ലാസ് മുറിയിൽ വച്ച് ഹെഡ്മാസ്റ്ററെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ വിദ്യാർഥി അറസ്റ്റിൽ. കേന്ദ്രപാറ ജില്ലയിലെ കൊറുവ ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം.
സംഭവത്തിൽ അറസ്റ്റിലായ ഒൻപതാം ക്ലാസ് വിദ്യാർഥിയായ 14കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് അംഗുലിലെ പ്രൊബേഷൻ ഹോസ്റ്റൽ-കം-ഒബ്സർവേഷൻ ഹോമിലേക്കും സ്പെഷ്യൽ ഹോമിലേക്കും അയച്ചതായി പോലീസ് പറഞ്ഞു.
വിദ്യാർഥിയെ പ്രധാനാധ്യാപകനും അധ്യാപകനും വഴക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി ബാഗിൽ നിന്നും തോക്ക് എടുത്തത്.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുകയാണെന്നും തോക്ക് കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.
District News
ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനമുറി പൂര്ത്തീകരണ ഉദ്ഘാടനവും താക്കോല് കൈമാറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂര് ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ആര്. അനീഷ സ്വാഗതം ആശംസിച്ചു. ഇലന്തൂര് ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് സാം പി. തോമസ് അധ്യക്ഷത വഹിച്ചു.